Wednesday, 24 September 2014

ചൊവ്വയ്ക്ക്‌ തൊട്ടരികെ മംഗൾയാൻ 




2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി മംഗൾയാൻ (ഇംഗ്ലീഷ്:Mangalyaan, സംസ്കൃതം: मंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .




ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തുന്നു. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങുന്നു. 300 ഭൗമദിനങ്ങൾ നീണ്ടു നില്ക്കുന്ന ഈ യാത്ര ഒടുവിൽ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തുന്നു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇൻഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ,മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

No comments:

Post a Comment